ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി.
വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ ടെക്സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്. ടെക്സാസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്.
ഇതുവരെ 24 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
237 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരും അടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.